Bootstrap

ഉയരങ്ങളിലെ ലക്ഷ്യ സാക്ഷാത്കാരം... അനുഭവങ്ങള്‍ പങ്കുവെച്ച് എവറസ്റ്റ് ആരോഹകന്‍ സ. ഷെയ്ഖ് ഹസ്സന്‍ ഖാന്‍

Photo
twbs

19 ജൂലൈ 2022

twbs

11:50

യാത്രച്ചെലവിനും പരിശീലനത്തിനും വേഷവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കാല്‍ കോടിയോളം വരുന്ന തുക കണ്ടെത്താനുള്ള അലച്ചില്‍... ഒടുവില്‍ കടങ്ങളുടെ വലിയ ബാദ്ധ്യതയേറ്റെടുത്ത് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്ര, കഠിനമായ ഭാരം ചുമന്നുള്ള കയറ്റം, യാത്രയ്ക്കിടയിലെ രോഗബാധ, പലതവണ നേരിട്ട മഞ്ഞിടിച്ചിൽ, ജീവവായു ഇല്ലാതെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ… നിരവധി പ്രതിബന്ധങ്ങൾ നേരിട്ട് ഒടുവില്‍ എവറസ്റ്റ് കൊടുമുടിയിൽ പാദമുറപ്പിച്ചപ്പോള്‍ അനുഭവിച്ച അനിർവചനീയമായ സന്തോഷം. എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി മലയാളികളുടെ അഭിമാനമായി മാറിയ ധനകാര്യ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറും സംഘടനാംഗവുമായ സ. ഷെയ്ഖ് ഹസ്സന്‍ ഖാന്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കായികവിഭാഗമായ 'സ്പോര്‍ട്സ്’ ന്റെ വേദിയില്‍ അതിസാഹസികമായ തന്റെ പര്‍വ്വതാരോഹണത്തിന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു.  തുടര്‍ന്ന് ഹൈദരാബാദില്‍ വച്ച് നടന്ന ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 74 കിലോ വിഭാഗത്തില്‍ (മാസ്റ്റേഴ്സ്) വെങ്കല മെഡല്‍ നേടിയ സംഘടനയുടെ നിർവാഹകസമിതി അംഗവും പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമായ സ. സഞ്ജയ് പ്രസാദിനും ഉത്തര്‍പ്രദേശില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസസ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ (വനിതാ ഡബിള്‍സ് വിഭാഗം) വെങ്കലമെഡല്‍ നേടിയ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറി സ. ലീന ആനന്ദത്തിനും സംഘടനാ പ്രസിഡന്റ്‌ സ. പി. ഹണി ഉപഹാരം നൽകി... സ. റോസ് മേരി പ്രസില്ല അദ്ധ്യക്ഷയായ ചടങ്ങില്‍ സ്പോര്‍ട്സ് കണ്‍വീനര്‍ സ. ബിനോയ് കൃഷ്ണന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ. അനീഷ് കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.