സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സെമിനാര്‍ പരമ്പരയ്ക്കു തുടക്കമായി...
.jpg)
29 നവംബര്‍ 2022
14:06
കേരളത്തിലെ വികസന പദ്ധതികൾക്കെതിരെ പ്രതിപക്ഷവും അവരുടെ ഒത്താശക്കാരായ മാധ്യമങ്ങളും വർഗീയ ശക്തികളും നിലപാടെടുത്തത് ജനങ്ങളെ തെറ്റിദ്ധരിപ്പാക്കാൻ ശ്രമിക്കുന്നത് ഇനി ഒരിക്കലും ഭരണത്തിലെത്താൻ അവസരം ലഭിക്കില്ലെന്ന് ഭയന്നാണെന്ന് സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പര ‘ ആഗോളവൽക്കരണ കാലത്തെ കേരള ബദലുകൾ’ വിഷയം അവതരിപ്പിച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തിന് ബദൽ സൃഷ്ടിച്ച് കുതിക്കുന്ന കേരളം പതിറ്റാണ്ടുകൾക്കകം വിവിധ പദ്ധതികളിലൂടെ ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യത്തെ ജീവിത നിലവാരം എല്ലാ ജനങ്ങൾക്കും സാധ്യമാക്കും. വികസനപദ്ധതികൾ തുടർന്നാണ് ജനം വീണ്ടും എൽഡിഎഫിനെ തന്നെ അധികാരത്തിലെത്തിക്കുമെന്ന വല്ലാത്ത ഭയപ്പാടിലാണ് പ്രതിപക്ഷം. പണക്കാരനെ കൂടുതൽ പണക്കാരനും പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന ആഗോളവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ബിജെപി സർക്കാർ. പൊതുമേഖല മുഴുവൻ കുത്തകകൾക്ക് നൽകി. അവർക്ക് അത് വാങ്ങാൻ വായ്‌പയെടുത്ത പണം കേന്ദ്ര സർക്കാർ എഴുതി തള്ളികയും ചെയ്‌തു. ഫലത്തിൽ രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ഒരു രൂപപോലും മുടക്കാതെ സ്വകാര്യകുത്തതകളുടെ കൈകളിലെത്തിച്ചു. ഇങ്ങനെ 11. 5 ലക്ഷം കോടി രൂപയാണ് കുത്തകകളുടെ കടം എഴുതി തള്ളിയത്. ഇനി ഒരു 8. 5 ലക്ഷം കോടികൂടി ഉടൻ എഴുതി തള്ളുമെന്നാണ് പറയുന്നത്. രാജ്യത്ത് ശതകോടീശ്വരമാരെ ലോകകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തിച്ചിരിക്കുകയാണ്. കുത്തകകൾക്ക് വേണ്ടി മാത്രമുള്ള ഭരണമാണ് രാജ്യത്ത് നടത്തുന്നത്. അതിന് വർഗീയതയെയും ഉപയോഗിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും ജയിച്ചാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്നതിൽ സംശയം വേണ്ട. എന്നാൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ കേരളം പ്രതിഞ്‌ജാബദ്ധമായി നിലകൊള്ളും. ഭൂപരിഷ്‌കരണം, ജനകീയ സാക്ഷരതാ പ്രസ്ഥാനം, ജനീകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ മുന്നോട്ടുവച്ച പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സ. പി. ഹണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി സ. കെ. എൻ. അശോക്‌കുമാർ, സെമിനാർ സബ് കമ്മിറ്റി കൺവീനർ സ. എസ്. ഷീലാകുമാരി എന്നിവർ സംസാരിച്ചു.